കാഞ്ഞിരപ്പള്ളി: എല്‍ നിനോ പ്രതിരോധത്തിന് സംഘടനാംഗങ്ങളായ കര്‍ഷകര്‍ക്ക് ഏഴ് ഇന പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്‍ഫാം ജില്ലാ അസംബ്ലി.
എല്‍ നിനോ പ്രതിഭാസത്തിന്റെ ഫലമായി വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മണ്‍സൂണ്‍ മഴയിലെ വ്യതിയാനം, ഭക്ഷ്യക്ഷാമം എന്നിവ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് സംഘടനാംഗങ്ങളായ കര്‍ഷകരെ സംരക്ഷിക്കാന്‍ പ്രത്യേക പ്രതിരോധ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്ന് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഗാര്‍ഹിക കമ്പോസ്റ്റ് നിര്‍മാണം, ജീവാണു വളങ്ങളുടെയും ജൈവ വളങ്ങളുടെയും വിതരണം, ഭക്ഷ്യ ക്ഷാമം നേരിടുന്നതിന് പത്തായം നിറയ്ക്കല്‍ പദ്ധതി, അടുക്കളത്തോട്ടം പദ്ധതിയോടൊപ്പം മൂന്നു സെന്റില്‍ ഏത്തവാഴ കൃഷി, ഊഷ്മാവ് ലഘൂകരണത്തിനും മണ്ണിന്റെ ഈര്പ്പസംരക്ഷണത്തിനുമായി തണല്‍ ക്രമീകരണ പദ്ധതി, ബയോഗ്യാസ് പ്ലാന്റുകളുടെ പുനരുജ്ജീവനം, കൃഷിയിടങ്ങളിലെ ജല സ്രോതസുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയാണ് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഏകോപനം കാര്‍ഷിക മേഖലാ സമിതികളുടെയും, നടത്തിപ്പ് കാര്‍ഷിക താലൂക്കു സമതികളുടെയും ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.